ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കാര്‍ഷിക ചരിത്രം

ഭൂരിഭാഗം ജനങ്ങളുടെയും പ്രധാന ജീവനോപാധി കൃഷി തന്നയായിരുന്നു. കൃഷിയിടങ്ങള്‍ ഒരുകാലത്ത് വന്‍കിട ജന്മിമാരുടെ കുത്തകയായിരുന്നു. കുപ്പത്തോട് നായര്‍ തറവാട്, മുരിക്കന്‍മാര്‍, ദേവസ്വം എന്നിവരുടെ വകയായിരുന്നു കൃഷിഭൂമിയുടെ ഏറിയ പങ്കും.പല സവിശേഷതകളോടും കൂടിയ നാടന്‍ വിത്തിനങ്ങളാണ് ഇവിടെ കൃഷിക്കുപയോഗിച്ചിരുന്നത്. കര്‍ത്തന്‍, പൊന്നരിമല, ചോമാല, വെളിയന്‍, തൊണ്ടി, ഗന്ധകശാല, പാല്‍ വെളിയന്‍ തുടങ്ങിയ വിത്തിനങ്ങള്‍ ജൈവവളമുപയോഗിച്ച് കൃഷി ചെയ്തിരുന്നു. 1970-തോടെ പുതിയ വിത്തിനങ്ങള്‍ കര്‍ഷകര്‍ ഉപയോഗിക്കാന്‍ തുടങ്ങി. രാസവളപ്രയോഗവും ഏറെക്കുറെ ഈ കാലയളവിലാണ് തുടങ്ങിയത്. പുതിയ വിത്തിനങ്ങളുടെയും രാസവളങ്ങളുടെയും പ്രയോഗം കാര്‍ഷികമേഖലയെ അഭിവൃദ്ധിപ്പെടുത്തുകയും ജലസേചന സൌകര്യം വര്‍ദ്ധിപ്പിക്കാന്‍ പമ്പു സെറ്റുകള്‍ ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തു.ചിലയിടങ്ങളില്‍ വ്യാപകമല്ലാത്ത തോതില്‍ ഇടവിളയായി ചാമ, മുത്താറി, എള്ള്, പയര്‍ എന്നീ ധാന്യങ്ങളും കിഴങ്ങു വര്‍ഗ്ഗങ്ങളായ ചേന, ചേമ്പ്, കാച്ചില്‍, മധുരക്കിഴങ്ങ്, കൂര്‍ക്ക മുതലായവയും വാഴ, മരച്ചീനി, പച്ചക്കറികള്‍ എന്നിവയും കൃഷി ചെയ്തുപോന്നു.ആദിവാസികള്‍ പഞ്ഞമാസങ്ങളില്‍ മുളയരി, മുളങ്കൂമ്പ്, പനച്ചോറ്, കാട്ട്കിഴങ്ങ് തുടങ്ങിയവ ആഹാരത്തിന് ഉപയോഗിച്ചിരുന്നു.തോടുകള്‍, കുളങ്ങള്‍ എന്നിവ ചിറകെട്ടി കൈത വെച്ച് പിടിപ്പിച്ച് സംരക്ഷിച്ചിരുന്നു. തോടുകളില്‍ നിന്നും കൃഷി സ്ഥലങ്ങളിലേക്ക് വെള്ളം തിരിച്ചു വിടുന്നതിനായി വാഴപ്പിണ്ടി, ഓല, മുളങ്കുറ്റി എന്നിവ ഉപയോഗിച്ച് താല്‍ക്കാലിക തടയണകള്‍ നിര്‍മിച്ചിരുന്നു. ഈ സൌകര്യം ഉപയോഗിച്ച് രണ്ടാം വിള എടുത്തിരുന്നു. നാടന്‍ ജലസേചന ഉപകരണങ്ങളായ ഏത്ത, പോള എന്നിവയും ഉപയോഗിച്ചിരുന്നു. എലികളേയും കീടങ്ങളേയും നിയന്ത്രിക്കുന്നതിനായി എലിപ്പെട്ടി, എലിക്കെണി, വിളക്കുകെണി, മുറംവീശല്‍, വെണ്ണീര്‍ പറപ്പില്‍ എന്നീ നാടന്‍ രീതികളാണ് ആദ്യകാലത്ത് പ്രയോഗത്തില്‍ ഉണ്ടായിരുന്നത്. നാണ്യവിളകളോട് വേണ്ടത്ര ആഭിമുഖ്യം ഈ കാലത്തുണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. കവിക്കാണം എന്നറിയപ്പെടുന്ന പാട്ടവ്യവസ്ഥ ഇതിന്റെ മുഖ്യ കാരണമായിരുന്നു.  1970-ലെ ഭൂപരിഷ്കരണനിയമത്തോടെ പാട്ടവ്യവസ്ഥ അവസാനിക്കുകയും നാണ്യവിളകള്‍ അഭിവൃദ്ധിപ്പെടുകയും ചെയ്തു. കാര്‍ഷികോല്‍പ്പന്നങ്ങളുടെ പ്രധാന വിപണന കേന്ദ്രം അന്ന് കോഴിക്കോടായിരുന്നു.ഉല്‍പ്പന്ന കൈമാറ്റ വ്യവസ്ഥയായിരുന്നു ആദ്യകാലത്ത് ഈ പ്രദേശത്ത് നിലവിലുണ്ടായിരുന്നത്. ഒരു വര്‍ഷകാലത്തേക്ക് വേണ്ടുന്ന സാധനങ്ങളുടെ വില വിളവെടുപ്പോടെയാണ് മേല്‍ സംവിധാനപ്രകാരം കര്‍ഷകര്‍ നല്‍കുക. പല കര്‍ഷകരുടെയും തകര്‍ച്ചയ്ക്ക് ഇത് കാരണമായിട്ടുണ്ട്.കുടിയേറ്റക്കാരുടെ ആഗമനം കാര്‍ഷിക മേഖലയുടെയും അതുവഴി ഗ്രാമത്തിന്റേയും മുഖഛായതന്ന മാറ്റി. ആധുനികമായ പല കാര്‍ഷിക രീതികളും നടപ്പില്‍ വന്നു. കാര്‍ഷിക രംഗത്തെ പുത്തനുണര്‍വ് ജീവിതരംഗത്തും സാംസ്കാരിക മേഖലയിലും പ്രകടമായി. കാലക്രമത്തില്‍ കാര്‍ഷികവൃത്തിയോടുള്ള സമീപനത്തില്‍ മാറ്റം വന്നു തുടങ്ങി. കൂട്ടുകുടുംബ രീതിയില്‍ മാറ്റം വന്നു. ഭൂമി തുണ്ടുതുണ്ടുകളായി വിഭജിക്കപ്പെട്ടു. ഭക്ഷ്യവിളകള്‍ നാണ്യവിളകള്‍ക്ക് വഴിമാറിക്കൊടുത്തു. വീടുനിര്‍മ്മാണത്തിനു പോലും വയലേലകള്‍ ഉപയോഗിച്ചു. ഇത് ഭക്ഷ്യവിളകളും നാണ്യവിളകളും തമ്മില്‍ പാലിക്കപ്പേടേണ്ടുന്ന തുലനാവസ്ഥയ്ക്ക് ഭംഗം വരുത്തി. ആദ്യകാലങ്ങളില്‍ കന്നുകാലി വളര്‍ത്തല്‍ പഞ്ചായത്തിലെ ഏതാനും ജന്‍മിഗൃഹങ്ങളില്‍ മാത്രമായി ഒതുങ്ങി നിന്നിരുന്നു.ആദ്യകാലങ്ങളില്‍ വയനാട്ടില്‍ കന്നുകാലികളെ ഒരു സ്ഥലത്ത് കെട്ടി മേയ്ക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നില്ല. പകരം ഇവയെ സ്വതന്ത്രമായി മേയാന്‍ വേണ്ടി കാട്ടിലേക്കും മറ്റ് മേച്ചില്‍ പുറങ്ങളിലേക്കും അഴിച്ചുവിടുന്ന പതിവാണുണ്ടായിരുന്നത്. ഇങ്ങനെ മേയാന്‍ വിടുന്ന കാലികള്‍ കൂട്ടം തെറ്റിപ്പോകാതിരിക്കാന്‍ അവയുടെ കഴുത്തില്‍ മുള കൊണ്ടുണ്ടാക്കുന്നഅറപ്പകെട്ടി വിടുന്ന രീതി നിലവിലുണ്ടായിരുന്നു. എന്നാല്‍ ആധുനിക കൃഷി രീതികളും പുതിയ രീതിയിലുള്ള കന്നുകാലി വളര്‍ത്തലും മൂലം മേച്ചില്‍ പുറങ്ങളും, “അറപ്പകെട്ടിയ കന്നുകാലികളും ഈ പഞ്ചായത്തില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.

വിദ്യാഭ്യാസ ചരിത്രം

1912-ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ പഞ്ചായത്തിലെ ആദ്യത്തെ എല്‍ പി സ്കൂള്‍ പനമരത്ത് സ്ഥാപിതമായി. ഈ പ്രദേശത്തെ സമ്പന്ന വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ മാത്രമായിരുന്നു ഇവിടെ അധ്യയനത്തിനെത്തിയിരുന്നത്.തുടര്‍ന്ന് 1920-ല്‍ വിളമ്പുകണ്ടം ഗവ. എല്‍ പി സ്കൂള്‍ ആരംഭിച്ചു. രണ്ടേക്കര്‍ ഭൂമി സ്വന്തമായുള്ള ഈ വിദ്യാലയം ഇന്നും എല്‍ പി സ്കൂളായി നിലനില്‍ക്കുന്നു. വിദ്യാഭ്യാസ പ്രചാരകനും, വൈദികനുമായ ഫാദര്‍. ജെഫ്രിനോ താലൂക്ക് ബോര്‍ഡിന്റെ സഹായത്തോടെ 1922-ല്‍ പള്ളിക്കുന്നില്‍ ഒരു വിദ്യാലയം സ്ഥാപിച്ചു. കുറിച്യ സമുദായത്തില്‍പെട്ട ആളുകളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയായിരുന്നു ഈ സ്ഥാപനം ആരംഭിച്ചത്..1926-ല്‍ മലബാര്‍ ജില്ലാ ബോര്‍ഡിന്റെ കീഴില്‍ അഞ്ചു കുന്ന് ലോവര്‍ എലിമെന്ററി സ്കൂള്‍ സ്ഥാപിതമായി. 1930-ല്‍ കൈതയ്ക്കല്‍ എല്‍ പി സ്കൂള്‍ നിലവില്‍ വന്നു.ഐക്യകേരള രൂപീകരണത്തിനു ശേഷം അധികാരത്തില്‍ വന്ന ഗവണ്‍മെന്റ് 1957-ല്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ധാരാളം സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ അനുവദിച്ചു. അങ്ങനെ പനമരം ഗവ. ഹൈസ്കൂള്‍ നിലവില്‍ വന്നു. പള്ളിക്കുന്ന്, ഏച്ചോം, അഞ്ചുകുന്ന്, നീര്‍വാരം, ചെറുകാട്ടൂര്‍, നടവയല്‍, വിളമ്പുകണ്ടം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം ഈ സര്‍ക്കാര്‍ വിദ്യാലയം ആയിരുന്നു,